ചരിത്രം
സാമൂഹിക വികസന ചരിത്രം
കായണ്ണ ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായി കായണ്ണ ചിറയുടെ സമീപം കശ്യപമഹര്‍ഷി യാഗം നടത്തിയതായി പറയപ്പെടുന്നു. ഇതിനാല്‍ ഈ പ്രദേശത്തിന് കശ്യപ മണ്ണ് എന്ന പേരുണ്ടായെന്നും കാലക്രമത്തില്‍ അത് കായണ്ണായി പരിണമിച്ചെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. കായണ്ണ ക്ഷേത്രം സവര്‍ണ്ണ മേധാവിത്വത്തിന്റെ കേന്ദ്രമായിരുന്നു. അക്കാലത്ത് അമ്പലത്തിലെ വിവിധ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജാതിക്കാര്‍ താമസിച്ചിരുന്ന വീടുകള്‍ ഇന്നും അതേ പേരിൽ അറിയപ്പെടുന്നു. ബ്രാഹ്മണരുടെ ‘മഠത്തില്‍’ , വാരിയര്‍മാരുടെ വാരിയർ മഠം, കുറുപ്പന്മാരുടെ കുറുപ്പൻ വീട്, ചാക്യാര്‍മാരുടെ ചാക്യാർ മഠം, ആണ്ടിമാരുടെ ആണ്ടി മഠം, മാരാര്മാരുടെ മാരയം വീട് എന്നിവയ്ക്കുപുറമെ ഋതുമതികളായ സ്ത്രീകളെ മാറ്റി പാര്‍പ്പിച്ചിരുന്ന മറയത്താം വീട് എന്നീ പേരുകള്‍ ഇന്നും നിലനില്ക്കുന്നു. കായണ്ണയുടെ പൂര്‍വ്വകാല ചരിത്രം പരിശോധിക്കാൻ ലിഖിത രേഖകളൊന്നും ലഭ്യമല്ലെങ്കിലും നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ഇവിടെ ജനങ്ങൾ താമസിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. സമീപകാലത്ത് കണ്ടെത്തിയ ആറങ്ങാട്ട് കാവിലെ ക്ഷേത്രാവശിഷ്ടങ്ങളും മറ്റും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. കോട്ടക്കല്‍ സൂപ്പി മുതലാളി 41 ആനകളുമായി വന്ന് മരക്കച്ചവടം നടത്തിയ ചരിത്രം പഴമക്കാരുടെ വാമൊഴിയില്‍ നിന്നും കിട്ടുന്നു. ആനകള്‍ മരം വലിച്ച പാതകളായിരുന്നു അന്നത്തെ പ്രധാന ഗതാഗതമാര്‍ഗ്ഗങ്ങള്‍.അക്കാലത്ത് ഈ പ്രദേശത്ത് ഗതാഗതത്തിന് റോഡുകളോ വാര്‍ത്താവിനിമയ സൌകര്യങ്ങളോ ഉണ്ടായിരുന്നില്ല. ദേശീയപ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഈ പ്രദേശത്ത് എത്തിയത് 20ാംനൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനമായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പുതുശ്ശേരി കുഞ്ഞിക്കണ്ണന് നായർ പങ്കെടുത്തുവെന്നത് അഭിമാനിക്കാന്‍ ഇട നല്കുന്നു. 1940 കളുടെ ആരംഭത്തിൽ കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനം ഈ പഞ്ചായത്തിൽ ആരംഭിച്ചു. പൂത്തലത്ത് ശേഖരന് നായര്‍, കോമത്ത് കൃഷ്ണന് നായര്‍ എന്നിവരാണ് കായണ്ണയിലെ കര്‍ഷകസംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകര്‍. എ.പി.ദാമോദരന്‍നായര്‍, കരുണാകര മേനോന് എന്നിവരുടെ സേവനങ്ങള്‍ സ്മരണീയമാണ്.നിലത്തെഴുത്ത് ആശാന്മാരുടെ കീഴിൽ ഈച്ചരോത്ത് നിലത്തെഴുത്ത് പള്ളികൂടമാണ് വിദ്യാഭ്യാസമേഖലയിലെ പഞ്ചായത്തിലെ ആദ്യത്തെ കാല്‍വെപ്പ്. 1912-ല്‍ വെയില്‍സ് രാജകുമാരന്റെ ഇന്ത്യാസന്ദര്ശനത്തോടെയാണ് കായണ്ണയില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം. അക്കാലത്ത് സ്ഥാപിക്കപ്പെട്ട ബോയ്സ് സ്കൂളാണ് ഇന്നത്തെ കായണ്ണ ഗവ.യു.പി. സ്കൂള്‍. 1982-ല്‍ ആദ്യമായി ഇവിടെ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1977-ല്‍ ആദ്യമായി ബസ്സ് സര്‍വ്വീസ് ആരംഭിച്ചു. 1982-ല്‍ ആദ്യമായി വൈദ്യുതി ഈ പഞ്ചായത്തിലെത്തി.പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് 1912-ല്‍ ‘കായണ്ണ ബോര്‍ഡ് ബോയ്സ് സ്കൂൾ‘ എന്ന പേരില്‍ കായണ്ണ ബസാറിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടതോടെയാണ്. വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വിവിധ സ്ഥലങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടതിന്റെ ഭാഗമായാണ് കായണ്ണയിലും വിദ്യാലയം ആരംഭിച്ചത്. അതിനുമുമ്പ് കായണ്ണയിലുണ്ടായിരുന്ന ഏക വിദ്യാഭ്യാസ സ്ഥാപനം ‘ഈച്ചരോത്ത്’ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന നിലത്തെഴുത്ത് പള്ളിക്കൂടം മാത്രമായിരുന്നു.കായണ്ണയിലെ ആദ്യത്തെ റോഡായ മുളിയങ്ങല്‍ കരിങ്കണ്ടന്‍ പാറ റോഡ് വെട്ടിയത് 1947-ല്‍ ആയിരുന്നു എന്നു പറയപ്പെടുന്നു. ജനകീയമായി നിര്‍മ്മിച്ച ഈ പാത പിന്നീട് മുളിയങ്ങല്‍-കൈതക്കൊല്ലി റോഡായി മാറി. ആദ്യ കാലഘട്ടങ്ങളില്‍ വഴിയാത്രയ്ക്ക് കോവിലകത്തുള്ളവര് മഞ്ചലുകൾ ഉപയോഗിച്ചിരുന്നു. മഞ്ചലുകളുടെ അവശിഷ്ടം ഇന്നും ചില വീടുകളില്‍ കാണാം. പിന്നീട് ഈ മഞ്ചലുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഉപയോഗിച്ചു. ചരക്കുകള്‍ കയറ്റിയിറക്കാൻ കാളവണ്ടികളും ഉപയോഗിച്ചിരുന്നു.
സാംസ്ക്കാരിക ചരിത്രം
കുറ്റിവയല്‍ തോടിന് കിഴക്കുള്ള പ്രദേശത്തിന് ഏതാണ്ട് 100 വര്‍ഷങ്ങളുടെ അധിവാസ ചരിത്രം മാത്രമേയുള്ളൂ. കാലഗണന അസാദ്ധ്യമായ തരത്തിൽ ഇവിടെ ഒരു ജനവിഭാഗം അധിവസിച്ചിരുന്നു എന്നതിന് തെളിവുകള്‍ വിവിധ ഭാഗങ്ങളിൽ കാണാം. ചെറുകാട്, ആരങ്ങാട്ട് കൊല്ലിയില്‍ ഒരു പൌരാണിക ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.. കൊടക്കല്ലൂരും, ചന്ദനവയല്‍ ഭാഗത്തും, കായണ്ണ അങ്ങാടിക്കടുത്തുമൊക്കെ ഏതു കാലത്തെതെന്ന് നിര്‍ണ്ണയിക്കാൻ കഴിയാത്ത ജനവാസ കേന്ദ്രങ്ങളുടെ നേരിയ തെളിവുകളുണ്ട്.കായണ്ണ പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചരിത്രം തുടങ്ങുന്നത് കായണ്ണ അങ്ങാടിക്കടുത്ത് 1912-ല്‍ കായണ്ണ ബോര്‍ഡ് ബോയ്സ് സ്കൂള്‍ തുടങ്ങുന്നതോടെയാണ്. ഇതാണ് വിവിധ കാലഘട്ടങ്ങളിലൂടെ കടന്ന് ഇന്നത്തെ കായണ്ണ ഗവ.യു.പി.സ്കൂള്‍ ആയി മാറിയത്. ഇതിനുമുമ്പ് കായണ്ണ അങ്ങാടിയില്‍ തന്നെ ഈച്ചരോത്ത് എന്ന സ്ഥലത്ത് ഒരു കുടിപള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നു എന്ന് പറയപ്പെടുന്നു. പുതുശ്ശേരി കുഞ്ഞിക്കണ്ണന് നായർ, പി.സി.പത്മനാഭന് നായർ ,കരുണാകരന് നായർ എന്നിവർ നാടകങ്ങൾ അരങ്ങത്തെത്തിക്കുന്നതിൽ സര്‍വ്വവിധ സഹായങ്ങളും നല്കി പ്രോത്സാഹിപ്പിച്ചിരുന്നു.. സ്യമന്തകം, ഭൂലോകാരംഭ, ധ്രുവചരിതം തുടങ്ങിയ പുരാണ നാടകങ്ങള്‍ ചാരുതയോടെ രംഗാവിഷ്കരണം നടത്തി പ്രേക്ഷകരെ ആനന്ദിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. കലാകായിക രംഗത്തും സമ്പന്നമായൊരു ഭൂതകാലം ഈ പഞ്ചായത്തിനുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട കായികവിനോദമായ കാളപൂട്ട് മത്സരങ്ങള്‍ കാവിലിശ്ശേരി, വാരിക്കോളി താഴെ എന്നിവിടങ്ങളില്‍ നടന്നിരുന്നു. ഓണക്കാലത്ത് വാരിക്കോളി പറമ്പില്‍ അമ്പെയ്ത്ത് നടന്നിരുന്നു. തെയ്യം, തിറ എന്നീ അനുഷ്ഠാനകലകള്‍ കാവുകളിൽ ഉത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു. പ്രാചീന ക്ഷേത്രകലകള്‍ കായണ്ണ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് അരങ്ങേറിയിരുന്നു. ആശാന് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും, വിദൂഷകന് പുതുശ്ശേരി കുഞ്ഞിക്കണ്ണന് നായരുടേയും നേതൃത്വത്തിൽ സ്യമന്തകം, ഭൂലോകാരംഭ, ധ്രുവചരിതം എന്നീ നാടകങ്ങള്‍ ഇവിടെ അരങ്ങേറിയിരുന്നു. സ്വാമി ശിവാനന്ദപരമഹംസന് കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഥാപിച്ച അഞ്ച് ആശ്രമങ്ങളില്‍ ഒന്നായ കായണ്ണ സിദ്ധാശ്രമം കായണ്ണ പഞ്ചായത്തിലെ ചെറുക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം നൂറ് ഏക്കര്‍ വരുന്ന ഭൂമി ഇതിന്റെ കീഴിലാണ്, ഔഷധസസ്യങ്ങളും മറ്റു കാര്‍ഷിക വിളകളും ഉല്പാദിപ്പിക്കുന്നതിലും, ആയൂര്‍വേദ ഔഷധനിര്‍മ്മാണത്തിലും സിദ്ധാശ്രമവാസികള് ശ്രദ്ധ ചെലുത്തുന്നു. സിദ്ധസമാജ സ്ഥാപകരുടെ ജന്മദിനമായ കാര്‍ത്തിക മഹോത്സവത്തിൽ പുറത്തുനിന്നുപോലും ആളുകള്‍ എത്തിച്ചേരാറുണ്ട്.